അബുദാബി: ഡിസംബർ മാസത്തിന്റെ കുളിരിലേക്ക് യുഎഇ പ്രവേശിച്ചതോടെ രാജ്യം ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളുടെ ആവേശത്തിലാണ്. നഗരവീഥികളിലും മാളുകളിലും അലങ്കാര വിളക്കുകൾ തെളിഞ്ഞു കഴിഞ്ഞു. ക്രിസ്മസ് അപ്പൂപ്പന്റെ വസ്ത്രങ്ങൾ, നക്ഷത്രങ്ങൾ, വിവിധ വലുപ്പത്തിലുള്ള ക്രിസ്മസ് ട്രീകൾ എന്നിവ വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആഘോഷങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റുകൾ തങ്ങളുടെ എല്ലാ ശാഖകളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഭക്ഷണപ്രേമികളെ ആകർഷിക്കാൻ പ്ലം കേക്കുകൾ മുതൽ ടർക്കി വിഭവങ്ങൾ വരെ നീളുന്ന വിപുലമായ ക്രിസ്മസ് വിരുന്നാണ് ലുലുവിൽ ഒരുക്കിയിരിക്കുന്നത്. പ്ലം കേക്ക്, ചെറി, ക്രീം കേക്കുകൾ എന്നിവയുടെ വലിയ ശേഖരം തന്നെ ലുലു ബേക്കറി വിഭാഗത്തിൽ ലഭ്യമാണ്. ഇതിനു പുറമെ, ക്രിസ്മസ് സ്പെഷ്യൽ മീൽസ്, ചീസ്, ബ്രെഡ് ഉത്പന്നങ്ങൾ, വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ടർക്കി, താറാവ് വിഭവങ്ങൾ എന്നിവയും ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ സ്വന്തമാക്കാം. ഓരോ ഉപഭോക്താവിനും തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള വിഭവങ്ങൾ തിരഞ്ഞെടുക്കാൻ ലുലു പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.
വീടുകളും ഓഫീസുകളും അലങ്കരിക്കാനാവശ്യമായ ക്രിസ്മസ് ട്രീകൾ, എൽ.ഇ.ഡി വിളക്കുകൾ, ഓർണമെന്റുകൾ എന്നിവയുടെ വിസ്മയിപ്പിക്കുന്ന ശേഖരം ഇത്തവണത്തെ പ്രത്യേകതയാണ്. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഹോം അപ്ലയൻസുകൾ എന്നിവയ്ക്ക് വൻതോതിലുള്ള വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ, പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകളും ലുലു നൽകുന്നുണ്ട്. തിരക്ക് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സമാനമായ ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

മുസഫ ക്യാപിറ്റൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ് ട്രീ ഡെക്കറേഷൻ മത്സരം ഇതിനോടകം തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കുടുംബങ്ങൾക്കും കുട്ടികൾക്കും തങ്ങളുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ ഈ മത്സരം മികച്ച അവസരമാണ് നൽകുന്നത്. വിപണിയിലെ ഈ ഉണർവ് യുഎഇയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് – പുതുവത്സര ആശംസകൾ നേരുകയാണ് ലുലു മാനേജ്‌മെന്റ്.


























