ദുബായ്: യുഎഇ നിലവിൽ ന്യൂനമർദ്ദ സ്വാധീനത്തിലായതിനാൽ രാജ്യത്ത് കനത്ത മഴയ്ക്കും താപനിലയിൽ വലിയ കുറവിനും കാരണമാകുന്നതായി അധികൃതർ അറിയിച്ചു. ഇന്ന്(ചൊവ്വ) രാവിലെ ഫുജൈറയുടെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ ആരംഭിച്ചു. ഇതേ തുടർന്ന് ദൃശ്യപരത വളരെ കുറഞ്ഞിട്ടുണ്ട്. ദുബായിയുടെ ചില ഭാഗങ്ങളിലും കിഴക്കൻ തീരമേഖലകളിലും പുലർച്ചെ മഴ റിപ്പോർട്ട് ചെയ്തു. മസാഫി ഉൾപ്പെടെയുള്ള ഫുജൈറയിലും പരിസരങ്ങളിലും ശക്തമായതോ മിതമായതോ ആയ മഴയാണ് ലഭിച്ചത്.
കൽബയിലും കിഴക്കൻ തീരമേഖലകളിലും ഈ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻസിഎം) റിപ്പോർട്ട് അനുസരിച്ച് ഈ അസ്ഥിരമായ കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും. രാജ്യത്തുടനീളം താപനിലയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇന്ന് രാവിലെ 6.30ന് റാസൽഖൈമയിലെ ജബൽ ജയ്‌സിൽ 9.9ºസെൽഷ്യസ് ആണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
റാസൽഖൈമയിലെ മലയോര മേഖലകളിൽ താപനില ഇനിയും കുറയാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 45 കി.മീ വേഗതത്തിൽ തെക്ക് കിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് അറബിക്കടലിൽ ശക്തമായ തിരമാലകൾക്ക് കാരണമാകും. ഉച്ചയ്ക്ക് 1 1 വരെ കടലിൽ തിരമാലകളുടെ ഉയരം 7 അടി വരെ എത്താൻ സാധ്യതയുണ്ട്.ഖോർഫക്കാനിലെയും ഫുജൈറയിലെയും ചില ഭാഗങ്ങളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിക്കുകയും കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എല്ലാ താമസക്കാരും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും തീരപ്രദേശങ്ങൾക്കടുത്തും പകൽ സമയത്തും ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു


























