യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ വിവിധ എമിറേറ്റുകളിലെ പൊലീസ് സേനയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും പൊതുജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ദുബായും ഷാര്‍ജയും ഉള്‍പ്പെടെയുളള വിവിധ എമിറേറ്റുകളിലെ പാര്‍ക്കുകളും ബീച്ചുകളും താല്‍ക്കാലികമായി അടച്ചു. ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം ആയിരിക്കും.
യുഎഇയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴ ഇന്ന് രാവിലെയോടെ കൂടുതല്‍ ശക്തമായി. മലയോര മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തുന്നത്. പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകയാണ്. വടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴക്കൊപ്പം ഇടിമിന്നലും രൂപപ്പെട്ടു. റാസല്‍ഖൈമയിലാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്. ഗലീല, ഖോര്‍ ഖുവൈര്‍ മേഖലകളില്‍ ശക്തമായ കാറ്റിനൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടായി. ഫുജൈറയിലും ശക്തമായ മഴ തുടരുകയാണ്. ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങി വിവിധ എമിറേറ്റുകളിലും മഴയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് പലയിടത്തും ഗതാഗതത്തെയും ബാധിച്ചു.
മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ ദുരന്ത നിരവാരണ അതോറിറ്റിയും പൊലീസ് സേനയും മുന്നറിയിപ്പ് നല്‍കി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കാഴ്ച പരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവരും അതീവ ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വിവിധ എമിറേറ്റുകളിലെ പാര്‍ക്കുകളും ബീച്ചുകളും പാര്‍ക്കുകളും താല്‍ക്കാലികമായി അടച്ചു. വിവിധ പരിപാടികളും മാറ്റിവച്ചു. വാദികള്‍ക്കും അണക്കെട്ടുകള്‍ക്കും സമീപം പോകരുതെന്നും വെള്ളക്കെട്ടുള്ള ഇടങ്ങില്‍ നിന്ന് അകലം പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയവും പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജീവനക്കാരുടെ തൊഴില്‍പരമായ സുരക്ഷ ഉറപ്പാക്കാന്‍ കമ്പനികള്‍ പ്രതിജ്ഞാബദ്ധരാകണമെന്നും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ റിമോര്‍ട്ട് വര്‍ക്കും പ്രഖ്യാപിച്ചിട്ടുണ്ട്.


























