മുംബൈ: ആർ.എസ്.എസ് പ്രവർത്തകൻ 2014ൽ സമർപ്പിച്ച മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭിവണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. പുതിയ ജാമ്യക്കാരനായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കലിന്റെ പേര് അദ്ദേഹം സമർപ്പിച്ചു.
ഹർഷവർധൻ സപ്കൽ ഉൾപ്പെടെ മറ്റ് മുതിർന്ന നേതാക്കളോടൊപ്പമാണ് രാഹുൽ കോടതിയിൽ എത്തിയത്. മുൻപ് ജാമ്യക്കാരനായിരുന്ന മുൻ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ കഴിഞ്ഞ ഡിസംബർ 12ന് അന്തരിച്ചതിനെ തുടർന്നാണ് പുതിയ ജാമ്യക്കാരനെ ഹാജരാക്കേണ്ട സാഹചര്യം ഉണ്ടായത്.
താണെ ജില്ലയിൽ കോടതിയിലേക്ക് പോകുന്നതിനിടെ മുളുണ്ട് ടോൾ പ്ലാസയിൽ ബി.ജെ.പി പ്രവർത്തകർ രാഹുൽ ഗാന്ധിക്കെതിരെ കരിങ്കൊടി കാണിച്ചു. ഡൽഹിയിൽ നടന്ന എ.ഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോണാലെയിൽ നടത്തിയ പ്രസംഗത്തിൽ മഹാത്മാ ഗാന്ധി വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് പ്രസ്താവിച്ചതായാരോപിച്ചാണ് രാജേഷ് കുന്ദെ എന്ന പ്രവർത്തകൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
2016ൽ ശിവരാജ് പാട്ടീൽ ജാമ്യക്കാരനായാണ് രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. പുതിയ ജാമ്യ ബോണ്ട് സമർപ്പിക്കുന്നതടക്കമുള്ള നടപടികൾ 15 മിനിറ്റിനകം പൂർത്തിയാക്കി രാഹുൽ മുംബൈയിലേക്ക് മടങ്ങി. കേസ് ഏപ്രിൽ 4ന് പരിഗണിക്കാൻ മാറ്റി.
Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.
Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.









































