ദുബായ്: കേരളത്തിൽ യു.ഡി.എഫ് നേടിയ വൻവിജയത്തിന് പിന്നാലെ മുഖ്യമന്ത്രിപദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, ഇൻകാസ് നേതാക്കൾ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ശക്തമായി ഉയർത്തി. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചത്.
കേരളത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് 102 സീറ്റുകളിൽ ഐക്യജനാധിപത്യ മുന്നണി വിജയം നേടിയതെന്നും നേതാക്കൾ വിലയിരുത്തി. ഈ വിജയത്തിന് പിന്നിൽ സതീശന്റെ നേതൃത്വവും രാഷ്ട്രീയ നിലപാടുകളും നിർണായക പങ്കുവഹിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടി.

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നത് ജനാഭിലാഷമാണെന്നും, അത് പരിഗണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം എടുക്കണമെന്നും ഇൻകാസ് നേതാക്കൾ ആവശ്യപ്പെട്ടു. സതീശന്റെ നിലപാടുകൾക്ക് ലഭിച്ച വലിയ ജനപിന്തുണയാണ് ഈ ചരിത്ര വിജയം സാധ്യമാക്കിയതെന്നും അവർ അഭിപ്രായപ്പെട്ടു.
100-ലധികം സീറ്റുകൾ നേടുമെന്ന് ആദ്യം ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചത് സതീശൻ യു.എ.ഇയിൽ നിന്നായിരുന്നുവെന്നും, ആ പ്രവചനം യാഥാർത്ഥ്യമായതിൽ ഇൻകാസ് പ്രവർത്തകർ അഭിമാനം പ്രകടിപ്പിച്ചു.
വാർത്താസമ്മേളനത്തിൽ നദീർ കാപ്പാട്, നാസർ അൽദാന, രാജി എസ് നായർ (കൊല്ലം), മുനീർ കുമ്പ്ല, ഷാജി കാസ്മി, സാദിഖ് ചാവക്കാട്, വി. ബാബു രാജ്, പ്രദീപ് കോശി എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രിപദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളിൽ വിദേശത്തെ കോൺഗ്രസ് സംഘടനകളും തുറന്ന നിലപാട് സ്വീകരിക്കുന്നതോടെ രാഷ്ട്രീയ സമ്മർദ്ദം കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ.










































