ദുബായ്: ആഗോള തൊഴിൽ വിപണിയിലെ സുരക്ഷിതത്വത്തിന്റെയും സുതാര്യതയുടെയും പര്യായമായി ദുബായ് മാറുന്നു. ഇന്ത്യക്കാരുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് തണലൊരുക്കുന്ന ദുബായിൽ, മികച്ച തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കമ്പനികളെയും മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്ന തൊഴിലാളികളെയും ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ ‘തഖ്‌ദീർ’ (Taqdeer) പുരസ്കാരങ്ങൾ വിതരണം ചെയ്തു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിച്ചു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രത്യേക താല്പര്യപ്രകാരം നടപ്പിലാക്കുന്ന ഈ പുരസ്കാരം, തൊഴിൽ മേഖലയിലെ മികവിനുള്ള ആഗോള അംഗീകാരമായി ഇതിനോടകം മാറിക്കഴിഞ്ഞു.

ലോകത്തിലാദ്യമായി പോയിന്റ് അടിസ്ഥാനത്തിൽ തൊഴിലാളി ക്ഷേമം അളക്കുന്ന ഈ സംവിധാനം ദുബായ് സർക്കാരിന്റെ വിപ്ലവകരമായ ചുവടുവെപ്പാണ്. നിർമ്മാണ മേഖലയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ അവാർഡ് പദ്ധതിയുടേ വ്യാപ്തി ഇപ്പോൾ ഉൽപ്പാദനം, സേവനം തുടങ്ങി വിവിധ സാമ്പത്തിക മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഈ വർഷത്തെ പുരസ്കാരങ്ങളിൽ ഏറ്റവും സവിശേഷമായത് പുതുതായി ഏർപ്പെടുത്തിയ 7-സ്റ്റാർ ക്ലാസിഫിക്കേഷൻ ആണ്. Bayer Middle East FZE ഈ ഉന്നത ബഹുമതി സ്വന്തമാക്കിയപ്പോൾ, Airbus Africa & Middle East ആറ് നക്ഷത്ര പദവിക്ക് അർഹരായി. കൂടാതെ അഞ്ച് നക്ഷത്ര പദവി നേടിയ കമ്പനികളുടെ പട്ടികയിൽ നെസ്‌ലെ ദുബായ്, ഏരീസ് മറൈൻ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ഇടംപിടിച്ചു.
അവാർഡ് ജേതാക്കൾക്ക് കേവലം പ്രശസ്തി പത്രം മാത്രമല്ല, മറിച്ച് 10 ലക്ഷം യു.എ.ഐ ദിർഹം വീതമുള്ള വൻ തുക പാരിതോഷികമായും ദുബായ് സർക്കാർ നൽകുന്നുണ്ട്. കമ്പനികളുടെ പ്രവർത്തന രീതി, തൊഴിലാളികളോടുള്ള മാനുഷികമായ സമീപനം, സുരക്ഷാ മാനദണ്ഡങ്ങൾ, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നവീനമായ വഴികൾ എന്നിവ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് വിജയികളെ കണ്ടെത്തുന്നത്. തഖ്‌ദീർ അവാർഡ് കമ്മിറ്റി ചെയർമാൻ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ ചടങ്ങിൽ അവാർഡ് മാനദണ്ഡങ്ങളിലെ കാർക്കശ്യത്തെക്കുറിച്ചും സുതാര്യതയെക്കുറിച്ചും വിശദീകരിച്ചു. തൊഴിൽ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ഇത്തരം മത്സരബുദ്ധി കമ്പനികൾക്കിടയിൽ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അവാർഡ് ദാനത്തോടൊപ്പം തന്നെ ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനമായിരുന്നു ‘Dubai 7×7’ കായിക പദ്ധതി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (GDRFA) ദുബായ് സ്പോർട്സ് കൗൺസിലും സംയുക്തമായാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ഈ വരുന്ന ഈദുൽ ഫിത്ർ ദിനത്തിൽ ആരംഭിക്കുന്ന ഈ കായിക മാമാങ്കത്തിൽ 20,000-ത്തിലധികം തൊഴിലാളികൾ പങ്കെടുക്കും. ഏഴ് ദിവസങ്ങളിലായി ഏഴ് വ്യത്യസ്ത കായിക ഇനങ്ങളിൽ മാറ്റുരയ്ക്കുന്നതിലൂടെ തൊഴിലാളികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷം വർദ്ധിപ്പിക്കുകയാണ് ദുബായ് ലക്ഷ്യമിടുന്നത്. തൊഴിലാളികൾ കേവലം ഒരു യന്ത്രമല്ലെന്നും അവരും സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഓർമ്മിപ്പിക്കുന്നതാണ് ഈ പുതിയ നീക്കം.

യു.എ.ഇയുടെ വികസന കുതിപ്പിന് പിന്നിലെ യഥാർത്ഥ കരുത്തായ തൊഴിലാളികളെ ചേർത്തുപിടിക്കുന്ന ദുബായുടെ ഈ നയം ലോകമെമ്പാടുമുള്ള തൊഴിൽദാതാക്കൾക്ക് ഒരു പാഠപുസ്തകമാണ്. അർഹമായ വേതനവും സുരക്ഷിതമായ താമസസൗകര്യവും ഉറപ്പാക്കുന്നതിനൊപ്പം അവരുടെ കലാ-കായിക അഭിരുചികളെ കൂടി പ്രോത്സാഹിപ്പിക്കുന്നത് വഴി ഒരു മികച്ച തൊഴിൽ സംസ്‌കാരം വളർത്തിയെടുക്കാൻ ദുബായിക്ക് സാധിക്കുന്നു. വരും വർഷങ്ങളിൽ കൂടുതൽ കമ്പനികൾ ഈ മാതൃക പിന്തുടരുമെന്നും അതുവഴി പ്രവാസികൾക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിൽ ജീവിതം സാധ്യമാകുമെന്നും നമുക്ക് പ്രത്യാശിക്കാം.










































